രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പല വലിയ ആശുപത്രികളും ഒാക്‌സിജന്‍ ക്ഷാമം നേരിടുന്നതായി ഇതിനോടകം അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ 1,40,85,110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 2,17,113 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി. ഇതുവരെ 14,09,16,417 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *