തിരുവനന്തപുരം മുട്ടത്തറയില്‍ ബൈക്ക് വാടകക്ക് നല്കുന്ന കടയില്‍ തീപ്പിടുത്തം. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാഹചര്യവും ഉണ്ട്. ഇതും പരിശോധിച്ചു വരികയാണ്. തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂകയുള്ളൂ.
കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി, ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
പുതുതലമുറ ബൈക്കുകളാണ് കത്തിനശിച്ചവയില്‍ ഏറെയും. സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടമാണ്. ജനാലകള്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്സ് തീയണച്ചത്.
