അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുധാകരന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞത് അമ്മമാര്‍ ഉള്ളിടത്തോളം കാലം എത്ര മുതിര്‍ന്നാലും നമ്മള്‍ ചെറിയ കുട്ടികള്‍ തന്നെയാണെന്ന് സുധാകരന്‍ കുറിച്ചു. അവര്‍ ഇല്ലാതാകുമ്പോള്‍, ആ വാത്സല്യം നഷ്ടമാകുമ്പോള്‍ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ അമ്മ…

ഒരു കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണില്‍നിന്ന് മറയുന്നതു വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കി നില്‍ക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളില്‍ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാന്‍ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.

ഞാനും എന്റെ സഹപ്രവര്‍ത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിന്‍മാറിയാല്‍ നൂറുകണക്കിന് അമ്മമാരുടെ കണ്ണീര്‍ വീഴ്ത്താന്‍ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എന്റെ അമ്മയ്ക്ക് എന്നേക്കാള്‍ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു. ആ അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എന്റെ കാലുകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കിയിട്ടുണ്ട്.

അമ്മമാര്‍ ഉള്ളിടത്തോളം കാലം, എത്ര മുതിര്‍ന്നാലും നമ്മള്‍ ഒരു ചെറിയ കുട്ടി തന്നെയാണ്. അവര്‍ ഇല്ലാതാകുമ്പോള്‍, ആ വാത്സല്യം നഷ്ടമാകുമ്പോള്‍ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യതയുണ്ടാകും.

എല്ലുമുറിയുന്ന വേദന സഹിച്ച് നമുക്ക് ജന്മം നല്‍കി, പട്ടിണിയിലും കഷ്ടപ്പാടുകളിലും വരെ മക്കളെ നിറവയറൂട്ടിയ, പ്രതിസന്ധികളില്‍ പൊരുതാന്‍ പഠിപ്പിച്ച ലോകത്തിലെ എല്ലാ അമ്മമാരോടും ആദരവ്, മാതൃദിനാശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *