പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാചകവാതക വില വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കള തന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയുണ്ടായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച മാത്രം 50 രൂപ കൂടി. മാസങ്ങളായി ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സിപിഐഎം ചൂണ്ടിക്കാണിച്ചു.

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലയും ഇടയ്ക്കിടെ കൂട്ടുകയാണ്. ഇന്ധനവില പിടിച്ചുനിര്‍ത്തുമെന്ന ബിജെപി വാഗ്ദാനം പാഴായെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിലവര്‍ധനയ്‌ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

2014ല്‍ ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇന്ധന വില പിടിച്ചുനിര്‍ത്തുമെന്നത്. പിടിച്ച് നിര്‍ത്തിയില്ലെന്ന് മാത്രമല്ല, ജനത്തിന് അസഹനീയമാകും വിധം വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം വ്യക്തമാക്കി.

കൊവിഡിന്റെ പിടിയില്‍ നിന്ന് കര കയറാന്‍ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *