കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മഹാകാല്‍ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കുത്തബ് മിനാറിന് മുന്നില്‍ തന്നെയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.

മഹാകാള്‍ മാനവ് സേവ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഹനുമാന്‍ ചാലിസയും ചൊല്ലിയുമാണ് കുത്തബ് മിനാറില്‍ പ്രകടനം നടത്തിയത്. ഇവര്‍ക്കൊപ്പം മറ്റ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും അണി ചേര്‍ന്നു. സംഭവം വഷളായതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, ഔറംഗസേബ് ലെയ്ന്‍, തുഗ്ലക് ലെയ്ന്‍ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാന്‍ഡ്മാര്‍ക്കുകളുടെ പേരുകള്‍ മുഗള്‍ ഭരണാധികാരികളുടെ പേരിലുള്ളതിനാല്‍ മാറ്റണമെന്ന് ഡല്‍ഹ ബിജെപി ഘടകവും ആവശ്യപ്പെട്ടു.

മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, വാല്‍മീകി മഹര്‍ഷി, ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയവരുടെ പേരുകളാണ് ഡല്‍ഹിയിലെ റോഡുകള്‍ക്കും തെരുവുകള്‍ക്കും നല്‍കേണ്ടതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *