മലയാളി ബാസ്‌കറ്റ് ബോൾ താരം കെ സി ലിതാരയുടെ മരണത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിന് അനിശ്ചിത കാലത്തേക്ക് സസ്‌പെൻഷൻ. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു.

ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂർ ലിതാരയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. കൊച്ചിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടെങ്കിലും കോച്ചിനെതിരായ തെളിവുകളുണ്ടെന്ന് കരുതുന്ന ലിതാരയുടെ ഫോണ്‍ ഇപ്പോഴും ബിഹാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കേരളത്തിന്റെ ബാസ്കറ്റ് ബോൾ കോർട്ടിൽ നിന്ന് ദേശീയ തലത്തിൽ മികച്ച വിജയം കൈവരിച്ച താരമായിരുന്നു 23 കാരിയായ ലിതാര. വിഷുവിന് നാട്ടിൽ വന്നപ്പോൾ ബാസ്‌ക്കറ്റ് ബോളിൽ പ്രാഥമിക പരിശീലനം നൽകിയ വട്ടോളി നാഷ്ണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ പോയിരുന്നു ലിതാര. ഏപ്രിൽ 16 ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം അപ്രിൽ 28ന് ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രിൽ 26നാണ് ലിതാരയെ പാട്‌നയിലെ ഒറ്റമുറി ഫഌറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *