വിവാഹ വാഗ്‌ദാനം നൽകി നൂറിലേറെ സ്ത്രീകളിൽനിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍നിന്നാണ് ഒഡീഷ സ്വദേശിയായ ഫർഹാൻ തസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷകണക്കിന് രൂപ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള നൂറിലേറെ സ്ത്രീകളില്‍നിന്ന് ഇയാൾ തട്ടിയെടുത്തതായി പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതിയില്‍നിന്ന് കാറും മൊബൈല്‍ഫോണും നാല് സിംകാര്‍ഡുകളും ഒമ്പത് എ.ടി.എം. കാര്‍ഡുകളും വാച്ചും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹി എയിംസിലെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് മാസം മുൻപ് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട ഫര്‍ഹാന്‍ വിവാഹവാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. അനാഥനാണെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് ഇയാൾ ഡോക്ടറെ പരിചയപ്പെട്ടത്. എന്‍ജിനീയറിങ്ങും എം.ബി.എ.യും പൂര്‍ത്തിയാക്കി സ്വന്തമായി ബിസിനസ് നടത്തിവരികയാണെന്ന് പറഞ്ഞ ഇയാൾ തുടര്‍ന്നാണ് വിവാഹം കഴിക്കാനുള്ള താത്പര്യം അറിയിച്ചു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫര്‍ഹാന്‍ ഖാന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ നിരവധി ഐ.ഡി.കള്‍ നിര്‍മിച്ചതായി കണ്ടെത്തി. ഈ ഐ.ഡി.കളിലൂടെ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി പണം തട്ടുകയായിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ്, മുംബൈ, ഒഡീഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായതെന്നും പോലീസ് പറഞ്ഞു.

അനാഥനാണെന്ന് പറഞ്ഞ ഇയാൾക്ക് പിതാവും ഭാര്യയും മൂന്ന് വയസുള്ള കുട്ടിയും ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടത്തി.

Leave a Reply

Your email address will not be published. Required fields are marked *