ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചത് കണ്ട് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ഹോട്ടലുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‌സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി.ദാസന്‍ (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
ഹോട്ടലിലെ ശൗചാലത്തിനായി പണിത കെട്ടിടത്തില്‍ ഒരെണ്ണത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. കാസര്‍കോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോഴാണു ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു. ഇതുകണ്ട് പ്രതികള്‍ ഡോക്ടറെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പോകാന്‍ വിടില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബു, എസ്.ഐ. രൂപ മധുസുദനന്‍ എന്നിവരടങ്ങിയ പോലീസ് സംഘം മൂവരെയും അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ഹോട്ടലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ പറഞ്ഞു.