കെ എസ് ആര്‍ ടി സിയ്ക്ക് ലഭിക്കുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിയുടെ ശമ്പളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. അതല്ലാതെ അതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

ജീവനക്കാരുടേയോ മാനേജ്മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധനവാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. വരവും ചെലവുമെല്ലാം നോക്കി കൈകാര്യംചെയ്യുക മാനേജ്മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരേയാണ് ഞാന്‍ പറഞ്ഞത്. യൂണിയനുകള്‍ക്ക് അവരുടേതായ താല്‍പര്യം ഉണ്ടായിരിക്കും. അതേപോലെ സര്‍ക്കാരിന് ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കേണ്ടിവരും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അതിനെ കണ്ണുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു പറഞ്ഞു.

ഉപേക്ഷിച്ച ബസ്സുകള്‍ ക്ലാസ് മുറികളാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ടി.ടി.ഐയിലേക്ക് മൂന്ന് ബസ്സുകള്‍ കൈമാറുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *