മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്. ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയതിനാണ് പേരറിവാളന്‍ ശിക്ഷിക്കപ്പെട്ടത്. 1998ല്‍ പേരറിവാളനടക്കം 26 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. തൊട്ടടുത്തവര്‍ഷം 19 പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന് പേരറിവാളന്‍ ദയാഹര്‍ജി നല്‍കി.

വധശിക്ഷ ഇളവുചെയ്യുന്നതിന് നല്‍കിയ ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതിന്റെ പേരിലാണ് പേരറിവാളന്റെ ശിക്ഷ 2014ല്‍ ജീവപര്യന്തമാക്കി കുറച്ചത്. 26 വര്‍ഷത്തെ തുടര്‍ച്ചയായ ജയില്‍വാസത്തിന് ശേഷം 2017 ജനവരി 24 നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. ഏറ്റവും അവസാനമായി പരോളിലിറങ്ങിയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്.

പേരറിവാളന്റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *