മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി. കൊച്ചി മെട്രോയിലാണ് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതി നല്‍കിയത്. സിനിമ-പരസ്യ ഷൂട്ടിങ്ങുകള്‍ക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. നിലവില്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല. എന്നാല്‍ ഓരോന്നിനും നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കും.

സിനിമ-പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നല്‍കിയതിനേക്കാള്‍ തുക കുറച്ചാണ് ഇതിനായി നല്‍കുക. നിശ്ചലമായ ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ അയ്യായിരം രൂപ നല്‍കണം. ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടത്.

ഓടുന്ന ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ 8000 രൂപ നല്‍കണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപ നല്‍കണം. ഇത് ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *