ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടിയത്.മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും തട്ടിയെടുത്തിരുന്നു

ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടു പോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാ ഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി. നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളജ് സിഐ വ്യക്തമാക്കി.

ഒരു വര്‍ഷം മുന്‍പ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖില്‍ കബളിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചുതന്നെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖില്‍ കൂടെക്കൂടി. മുട്ടുവേദനയ്ക്കു ചികിത്സയില്‍ക്കഴിഞ്ഞ ഇയാള്‍ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സ നടത്തിയിരുന്നു.

ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപയും തുടര്‍ പഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *