കൊവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടി പിടയുന്ന ഇന്ത്യയുടെ അവസ്ഥ വ്യക്തിമാക്കി ‘ദ ഓസ്‌ട്രേലിയന്‍’ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇന്ത്യയുടെ കത്ത്.ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്.അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നു.

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ മൈത്രി പദ്ധതി രൂപീകരിച്ച് രാജ്യം 80 ഓളം മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിനുകളും മെഡിസിന്‍, പിപിഇ കിറ്റുകളും എത്തിച്ചിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. നിലവില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തിലാണെന്നും വാര്‍ത്തകളിലൂടെ പ്രചോദനവും കൃത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇത്തരം അടിസ്ഥാന രഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഇന്ത്യ കത്തില്‍ ആവശ്യപ്പെടുന്നു.

മോദി ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്‌ട്രേലിയന്റെ ലേഖനം. കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്. രാജ്യത്തെ നയിക്കുന്നതില്‍ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *