തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി(47)യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 17 മുതല്‍ രോഗലക്ഷണമുണ്ടായിരുന്നു.

പനിയും ശരീരവേദനയും തളര്‍ച്ചയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഏപ്രില്‍ 19 മുതല്‍ പല ആശുപത്രികളിലായി ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ ജോബിയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജോബിയുമായി ബന്ധപ്പെട്ടുള്ള മറ്റ് ആളുകള്‍ക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണമാവുന്നത്. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ ഈ വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കുകയാണ്. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, ഓര്‍മക്കുറവ്, അപസ്മാരം എന്നിവയ്ക്കും കാരണമാകും. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *