പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗജന്യ സ്‌കൂള്‍ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 288 സ്‌കൂളുകള്‍ക്ക് അനുവദിച്ചു. ഇ-ഗവേണന്‍സിന് 15 കോടി രൂപ അനുവദിച്ചു.

ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങല്‍, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയ്ക്ക് 9 കോടിയും കേരളാ സ്‌കൂള്‍ കലോത്സവത്തിന് 6.7 കോടിയും ഹയര്‍ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടിയും മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍, പ്രത്യേക വൈകല്യമുള്ളവരെ ഉള്‍ക്കൊള്ളുന്ന മാതൃകാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് 5 കോടിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടിയും കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 കോടിയും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടിയും ശ്രദ്ധ – സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ 3 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് 1.8 കോടിയും സ്‌കൂള്‍ വിദ്യാഭ്യാസം – ആധുനികവല്‍ക്കരണത്തിന് 1.2 കോടിയും അധ്യാപക രക്ഷകര്‍ത്തൃ സമിതികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ക്കായി (പി.റ്റി.എ.) 90 ലക്ഷവും ഗ്രീന്‍ ഓഫീസ്, സ്മാര്‍ട്ട് ഓഫീസ് – ഓഫീസുകളെ ഹരിതവല്‍ക്കരിക്കല്‍ – ഉദ്യാനങ്ങള്‍ മനോഹരമാക്കല്‍ – മാലിന്യനിര്‍മ്മാര്‍ജ്ജനം 50 ലക്ഷവും വായനയുടെ വസന്തം – വായനാശീലം വളര്‍ത്തുന്നതിന് 50 ലക്ഷവും അനുവദിച്ചു.

സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഫോക്കസ് സ്‌കൂള്‍ പഠനനിലവാരം കുറഞ്ഞ സ്‌കൂളുകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷവും സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രണ്ട് കോടിയും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ നവീകരിക്കുന്നതിന് 1.20 കോടിയും അനുവദിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *