തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ തുടരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വ്യക്തമായ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു. ഉമാ തോമസിന്റെ ലീഡ് 13000 കടന്നു. ലീഡ് കുത്തനെ ഉയരുകയാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളേപ്പോലും മറികടന്നുകൊണ്ടാണ്. ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാല്‍ നഗരമേഖലയില്‍ തന്നെ മികച്ച ലീഡ് ഉമാ തോമസ് കരസ്ഥമാക്കിയതോടെ ട്രെന്‍ഡ് വ്യക്തമായി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കാല്‍ഭാഗം എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. പി ടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയ്ക്ക് വകയില്ല. ഭൂരിപക്ഷം പി.ടി നേടിയതിന് മുകളില്‍ പോകും എന്ന് ഉറപ്പിക്കാവുന്ന ഈ ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തിമിര്‍പ്പിലാണ്. വിജയമുറപ്പിച്ച് പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *