നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം നീട്ടി നല്‍കി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. ഒരുദിവസം പോലും സമയം അനുവദിക്കരുത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപഗത്താണ് തള്ളി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നു.

തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കുമെതിരെ നിരവധിയായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചത്.

വിചാരണ വൈകിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം. ഏതു വിധേനയും കസ്റ്റഡിയില്‍ വാങ്ങുകയും ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *