കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ് വി പുറത്തായേക്കും. ഉഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നഖ് വിക്ക് ബിജെപി സീറ്റ് നല്‍കിയിട്ടില്ല. നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോഴും നഖ്വിയെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. വീണ്ടും പാര്‍ലമെന്റിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നഖ്വിക്ക് കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും ഘനശ്യാം ലോധിയേയും അസംഗഡില്‍ നിന്നും ദിനേശ് ലാല്‍ യാദവിനേയുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മുസ്ലിം മുഖമായ മുക്താര്‍ അബ്ബാസ് നഖ് വിയെ രാംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ജൂണ്‍ 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണഘടന പ്രകാരം, പാര്‍ലമെന്റ് അംഗമല്ലെങ്കിലും ആറു മാസം കൂടി മന്ത്രിപദത്തില്‍ തുടരാനാകും. അത് കൊണ്ട് കാത്തിരിക്കണമെന്നാണ് നഖവ്‌നിക്ക് ബി ജെ പി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ത്രിപുര, ആന്ധ്ര, ഡല്‍ഹി, ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫസര്‍ മണിക് സാഹ, ഡോ. അശോക് സിന്‍ഹ, സ്വപ്ന ദാസ് പോള്‍, മലിന ദേബ്നാഥ് എന്നിവരാണ് ത്രിപുരയിലെ സ്ഥാനാര്‍ത്ഥികള്‍. ആന്ധ്രയിലെ ആത്മാകുറില്‍ ജി ഭരത് കുമാര്‍ യാദവ്, ഡല്‍ഹി രജീന്ദര്‍ നഗറില്‍ രാജേഷ് ഭാട്ടിയ, ജാര്‍ഖണ്ഡിലെ മന്ദറില്‍ ഗംഗോത്രി കജൂര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *