സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും.

വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്നലെ രാത്രി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നാണ് സി പി എമ്മിന്റെ പ്രതികരണം. അസത്യ പ്രചാരണം ജനം തള്ളുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. സ്വര്‍ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *