സ്വപ്ന സുരേഷിന്റെ ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ മറ്റൊരാള്‍ നേരത്തെ ഇതേ കാര്യം കുറ്റസമ്മതമൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷിക്കപ്പെട്ടില്ല. സംഘപരിവാര്‍ ശക്തികളും സിപിഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ്. അതുകൊണ്ടാണ് അന്ന് കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം (മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണം) അന്വേഷിക്കാതെ പോയതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി,

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി. പിണറായിക്ക് മറ്റൊരു നീതി. അത് ഈ നാട്ടില്‍ നടക്കില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. കാലം പലതിനും മറുപടി കൊടുക്കുമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം.

ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോള്‍ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയുമെന്നത് പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകും. കേന്ദ്ര ഏജന്‍സികള്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് നോക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് പി,കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.യു ഡി എഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്കും. ആരോപണങ്ങള്‍ വന്നു കൊണ്ടേയിരിക്കുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *