കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി സംഭവത്തിനു മുൻപ് ഫോണിൽ ബന്ധപ്പെട്ടവരാണ് മൂവരും. ഇവർക്ക് ഗൂഢാലോചനയിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിശദമായി ചോദ്യംചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളു.ഇന്നലെയാണ് ആര്.എസ്.എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്തുടര്ന്ന് വെട്ടുകയായിരുന്നു. വലതു കാല് പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.
വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴക്കൂട്ടം സൈബർസിറ്റി എ.സി.യുടെ നേതൃത്വത്തിൽ ശ്രീകാര്യം പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
