മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്നലെയുണ്ടായ പ്രതിഷേധത്തില്‍ യൂത്ത്‌കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണി. ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാരെന്നും വീണതല്ല സ്രാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോയെന്നും എം.എം മണി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിങ്കളാഴ്ചയായിരുന്നു കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.പ്രതിഷേധക്കാരെ ഇ.പി ജയരാജന്‍ തള്ളി താഴെയിടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.
വിമാനത്തില്‍ വെച്ച് ഇ.പി ജയരാജന്‍ മര്‍ദിച്ചുവെന്ന് കാട്ടി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്.
വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇ. പി. ജയരാജന്‍റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇരുവരും മെഡിക്കൽ കോളേജിൽ തുടരുകയാണ്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പരാതി നൽകും.