പുതിയ തലമുറ നെറ്റ്വര്‍ക്കായ 5ജിയിലേക്ക് ഇന്ത്യ സുപ്രധാനമായ ഒരു ചുവട് കൂടി വച്ചിരിക്കുന്നു. 5ജി സ്‌പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വൈകാതെ ലേലം നടക്കുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്‌പെക്ട്രം വിലനിര്‍ണ്ണയത്തിന് അംഗീകാരം നല്‍കിയത്.

72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്.

5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനുള്ള കമ്പനികളുടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) വൈകാതെ നോട്ടീസ് ഇന്‍വൈറ്റിങ് അപ്ലേക്കേഷനുകള്‍ (എന്‍ഐഎ) പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കും. എന്‍ഐഎ പുറത്തുവിട്ട് കഴിഞ്ഞാല്‍ സ്‌പെക്ട്രം ലേലം ആരംഭിക്കുന്നതിന് കുറഞ്ഞത് എട്ട് ആഴ്ചയോ രണ്ട് മാസമോ എടുക്കും. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ 2022 ഓഗസ്റ്റ് 15നോ മുമ്പോ അതിനുമുമ്പോ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി നെറ്റ്വര്‍ക്ക് ലഭിക്കുകയില്ലെന്ന് ഉറപ്പിക്കാം.

എന്തായാലും കമ്പനികള്‍ വാക്ക് പാലിച്ചാല്‍ ഡിസംബറോടുകൂടി രാജ്യത്ത് 5ജി നിലവില്‍ വരും. 5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍. മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇതിനകം 5ജി ഫോണുകള്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *