ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 49.4 ഓവറില്‍ 150 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും കൂടാരം കയറി . നാലുവിക്കറ്റുകള്‍ നേടിയ ജോഷ് ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവരും ചേര്‍ന്ന് ഇന്ത്യയെ വേഗത്തില്‍ ഒതുക്കുകയായിരുന്നു.
59 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 41 റണ്‍സ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 78 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 37 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. പന്തും നിതീഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 48 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്സ്വാളിന്റെ മടക്കം. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്സ് കരെയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കല്‍ നേരിട്ടത്. കോലിയെയും ഹേസല്‍വുഡ് തന്നെ മടക്കി (12 പന്തില്‍ 5). ഓപ്പണറായിറങ്ങിയ രാഹുല്‍ നാലാമതായാണ് പുറത്തായത്. 74 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സാണ് സമ്പാദ്യം. സ്റ്റാര്‍ക്കിന് തന്നെയാണ് വിക്കറ്റ്.
അതേസമയം രാഹുലിന്റെ പുറത്താവല്‍ വിവാദത്തിന് വഴിവെച്ചു. അംപയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്താണ് പുറത്തായത്. പിന്നാലെ ജുറേല്‍ (11), വാഷിങ്ടണ്‍ സുന്ദര്‍ (4), ഹര്‍ഷിത് റാണ (7), ബുംറ (8) എന്നിവരും പുറത്തായി. ടോപ് സ്‌കോററായ നിതീഷ് റെഡ്ഢിയാണ് അവസാനം പുറത്തായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍. ഓസ്‌ട്രേലിയയെ പാറ്റ് കമിന്‍സാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങിയത്.