കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു.
എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്നായിരുന്നു മുദ്രാവാക്യം. കൃപേഷിനേയും ശരത് ലാലിനേയും ഓര്‍മ്മയില്ലേയെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ചോദിച്ചു. തിക്കോടി ടൗണിലായിരുന്നു പ്രകടനം നടന്നത്.
‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ …’ എന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
