ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വേട്ടയാടാനും കരിവാരിത്തേയ്ക്കാനുമുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദമായി വേദനയോടെ സഹിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കഴിഞ്ഞ ദിവസം സാക്കിയ ജഫ്രിയുടെ പരാതി തള്ളിയ സുപ്രീംകോടതി ഗുജറാത്ത് കലാപത്തിന്റെ നിഴലില്‍നിന്ന് നരേന്ദ്ര മോദിയെ അന്തിമമായി മോചിപ്പിച്ചിരിക്കുന്നു. മോദിയുള്‍പ്പെടെ 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടി. അന്വേഷണറിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

’18, 19 വര്‍ഷത്തോളം മോദി ഒരക്ഷരം പോലും പറയാതെ ശിവഭഗവാന്‍ ലോക നന്മയ്ക്കായി സ്വയം വിഷം കുടിച്ചത് പോലെ വേദന സഹിച്ചു. അദ്ദേഹം വേദന തിന്നുന്നത് ഞാന്‍ വളരെ അടുത്തറിഞ്ഞിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് ഇത്രയും വര്‍ഷം സംസാരിക്കാതിരിക്കാന്‍ വളരെയധികം ഇച്ഛാശക്തിയുള്ള ഒരാള്‍ക്കേ സാധിക്കുകയുള്ളൂ’- അമിത് ഷാ പറഞ്ഞു.

‘ഭരണഘടനയെ എപ്രകാരം ബഹുമാനിക്കണമെന്നുള്ള മാതൃകയാണ് മോദി കാഴ്ചവയ്ച്ചത്. അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടപ്പോഴും ആരെങ്കിലും ധര്‍ണ നടത്തുകയോ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയോ ചെയ്തില്ല. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ അവര്‍ മാപ്പ് പറയണം’- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയെ ഇ.ഡി.ചോദ്യം ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തേയും അഭിമുഖത്തില്‍ അമിത് ഷാ പരോക്ഷമായി പരിഹസിച്ചു. ‘പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മോദിജി നാടകം കളിച്ചില്ല. എനിക്ക് പിന്തുണയുമായി വരൂ, എംഎല്‍എമാരേയും എംപിമാരേയും വിളിച്ച് ധര്‍ണ നടത്തൂവെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യണമായിരുന്നെങ്കില്‍ അദ്ദേഹം അതിന് തയ്യാറായിരുന്നു. എന്തിന് പ്രതിഷേധിക്കണം?’ ഷാ ചോദിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ അവര്‍ മാപ്പ് പറയണം’ അദ്ദേഹം കൂട്ടി ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *