മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോരില്‍ പുതിയ വഴിത്തിരിവ്. മന്ത്രി ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ട്. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീപാര്‍ട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാര്‍ട്ടിയിലും ലയിക്കുകയില്ല’ വിതമ എംഎല്‍എയും അവരുടെ വക്താവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഇന്ന് വൈകീട്ട് കേസര്‍ക്കാര്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവില്‍ 50 ഓളം എംഎല്‍എമാരുടെ പിന്തുണയാണ് ഏക്നാഥ് ഷിന്‍ഡെയ്ക്കുള്ളത്. ഇത്രയധികം എംഎഎല്‍എമാരുടെ പിന്തുണ ഷിന്‍ഡെയ്ക്ക് ലഭിച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമായി.

നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിച്ചു എന്നാരോപിച്ച് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. അതേസമയം, മുംബൈയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *