സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അവരുടെ അടുക്കളയില്‍ വെച്ചുവേവിച്ച വിവാദമോ കേസോ അല്ലെന്ന് അദ്ദേഹം പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍, സ്വപ്ന പറയുന്നത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ല. സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ ഫ്‌ലാറ്റില്‍നിന്ന് വിജിലന്‍സ് പിടിച്ചു കൊണ്ടുപോയി. ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രിസഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ പാലക്കാട്ടെ വിജിലന്‍സിനു പിടിച്ചു കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ആരെന്നു അറിയാന്‍ ജനത്തിന് ആഗ്രഹമുണ്ട്. സ്വപ്ന രഹസ്യമൊഴി കൊടുത്തതു കൊണ്ടാണ് ഈ നടപടി എന്നറിയാന്‍ കവടി നിരത്തേണ്ട കാര്യമില്ലെന്ന് ഷാഫി ചൂണ്ടികാട്ടി.

സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണെന്നു ഷാഫി ചോദിച്ചു. തന്റെ കാലത്ത് അവതാരങ്ങള്‍ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി മുന്‍പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്‌നാട്ടിലേക്കു ഷാജ് കിരണിനു കടക്കാന്‍ പൊലീസ് അവസരമൊരുക്കിയെന്നും ഷാഫി വ്യക്തമാക്കി.

സ്വപ്നയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതരമായ ആരോപണമുണ്ടായിട്ടും അയാള്‍ക്കെതിരെ കേസ് എടുക്കുന്നില്ല. ഷാജ് കിരണ്‍ എന്ന അവതാരവുമായി ഫോണില്‍ സംസാരിക്കാന്‍ എഡിജിപിക്ക് എന്ത് ബന്ധമാണുള്ളത്. മുഖ്യമന്ത്രിക്കു വേണ്ടിയല്ല എഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെങ്കില്‍ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നല്‍കിയതെന്നു ഷാഫി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *