ഇടുക്കിയിൽ ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികൾ ഒരുമിച്ച് യാത്ര ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളെ ആർ ടി ഒ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി ശാസിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനമോടിച്ചയാളുടെ ലൈസൻസ് അധികൃതർ റദ്ദാക്കി പിഴയുമിട്ടു. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആർ.ടി.ഒ. ഉദ്യോഗസ്ഥർ കൗൺസലിങ്ങും നടത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയായ ജോയൽ വി. ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി വണ്ടി ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. ഇടുക്കി ആർടിഒ ആർ രമണനാണ് സ്കൂട്ടറിൽ ‘പറന്ന’ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.ജൂലൈ 2,3 തീയതികളിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ സഹായിക്കാനാണ് ആർടിഒ വിദ്യാർഥികളോട് നിർദേശിച്ചത്. ആശുപത്രി സൂപ്രണ്ടിന് കൈമാറാനുള്ള കത്തും വിദ്യാർഥികളെ ഏൽപിച്ചു. ആശുപത്രി സൂപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിക്കുമെന്നു൦ ആർടിഒ അറിയിച്ചു.
ഇടുക്കി രാജമുടി മാർ സ്ലീവാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളായ അഞ്ചു പേരാണ് സ്കൂട്ടറിൽ കോളജിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്തതത്.ജോയൽ വി ജോമോൻ, ആൽബിൻ ഷാജി, അഖിൽ ബാബു, എജിൽ ജോസഫ്, ആൽബിൻ ആൻ്റണി എന്നിവരെയാണ് മോട്ടോർ വാഹന വകുപ്പ് ശിക്ഷിച്ചത്. ഇവർ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ഇടുക്കി ആർടിഒയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്.
