സര്‍ക്കാര്‍ നടപ്പാക്കുന്ന ഖര ദ്രവ്യ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിക്കോട് ആവിക്കല്‍ത്തോട് പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രായോഗികമാണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

പുഴയ്ക്ക് സമാനമായൊരു തോടിന് സമീപമാണ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൂന്തോട്ടം കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നെങ്കില്‍ അത് ജനങ്ങളോ ബോധ്യപ്പെടുത്തണമായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനെന്ന വ്യാജേനയാണ് തണ്ണീര്‍ത്തടമായിരുന്ന ഈ സ്ഥലം കോര്‍പറേഷന്‍ നികത്തി എടുത്തത്. കൗണ്‍സിലര്‍ പോലും അറിയാതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഏത് പദ്ധതി ആയാലും അത് സുതാര്യമായി നടപ്പാക്കണം. പദ്ധതിക്കെതിരെ ആരെങ്കിലും സമരം ചെയ്താല്‍ അവരെ തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ബ്രഹ്‌മപുരത്തും ഇതേ പ്രശ്നമുണ്ട്. മാലിന്യ പ്ലാന്റില്‍ നിന്നും തൊട്ടടുത്ത കടമ്പ്രയാറിലേക്കാണ് മലിനജലം ഒഴുക്കി വിടുന്നത്. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും തൊട്ടടുത്ത ഗ്രാമത്തിലല്ല നിക്ഷേപിക്കേണ്ടത്. ജനങ്ങളുമായി ആശയവിനിമയം നടത്തി സുതാര്യമായി വേണം ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടത്. മഴക്കാലത്ത് വെള്ളം പൊങ്ങിയാല്‍ പോകാന്‍ മറ്റൊരു ഇടം ഇല്ലാത്ത പാവങ്ങളാണ് ആവിക്കല്‍ത്തോട്ടില്‍ താമസിക്കുന്നത്.

പ്ലാന്റില്‍ നിന്നുള്ള സംസ്‌കരിച്ച ജലം എല്ലാ ദിവസവും ടാങ്കര്‍ ലോറികളില്‍ പുറത്തേക്ക് കൊണ്ടു പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനായി ദിവസേന 500 ടാങ്കര്‍ ലോറികള്‍ വേണ്ടി വരും. 5 ലോറി പോലും കടന്നു പോകാത്ത വഴിയിലൂടെയാണ് ദിവസേന 500 ലോറി ഓടിക്കുമെന്ന് പറയുന്നത്. ഇത് എങ്ങനെ സാധ്യമാകുമെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. വെള്ളം ഒഴുക്കാന്‍ പോകുന്നത് തോട്ടിലേക്കാണ്. അത് ഹാര്‍ബറില്‍ എത്തുന്നതോടെ മത്സ്യബന്ധനവും പ്രതിസന്ധിയിലാകും. ജനങ്ങളുടെ ആശങ്കളും പരാതികളും പരിഹരിക്കപ്പെടണം. നമ്മളൊക്കെ താമസിക്കുന്ന വീടിന് സമീപം കക്കൂസ് മാലിന്യം പ്ലാന്റ് സ്ഥാപിച്ചാല്‍ പ്രതികരണം എന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കണം. സ്വാധീനം ഒന്നും ഇല്ലാത്തത് കൊണ്ടാണ് ആ പാവങ്ങള്‍ സമരം ചെയ്യുന്നത്. അവരോട് എന്ത് ക്രൂരതയാണ് പൊലീസ് കാട്ടിയത്. ചില ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണ്. പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് പകരം അവര്‍ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. പാവങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ മാനിക്കണം. പ്ലാന്റ് പണിയാന്‍ കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട്. ജനസാന്ദ്രത ഉള്ള ആവിക്കലില്‍ തന്നെ പ്ലാന്റ് കൊണ്ട് വരാന്‍ സര്‍ക്കാര്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്നവര്‍ മുഴുവന്‍ തീവ്രവാദികളെന്നും അര്‍ബന്‍ നക്സലൈറ്റുകളെന്നും ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

കെ സുധാകരനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിലുള്ള പ്രതികരണം

നിയമസഭയില്‍ അംഗമല്ലാത്ത കെ.പി.സി.സി അധ്യക്ഷനും പാര്‍ലമെന്റ് അംഗവുമായ കെ. സുധാകരനെതിരെ മുഖ്യമന്ത്രി വളരെ മോശമായ പ്രതികരണമാണ് ഇന്നലെ നിയമസഭയില്‍ നടത്തിയത്. അദ്ദേഹം ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൊലയാളിയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനുള്ള ചുട്ട മറുപടിയാണ് സുധാകരന്‍ നല്‍കിയത്. കൊലയാളി ആണെന്ന് പറഞ്ഞാല്‍ അതിന് മറ്റെന്ത് മറുപടിയാണ് കൊടുക്കേണ്ടത്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ വടികൊടുത്ത് അടിവാങ്ങുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എം.പിയെ കുറിച്ച് മുഖ്യമന്ത്രിക്ക് യോജിച്ച പരാമര്‍ശമല്ല പിണറായി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *