ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന അവയ്ലബിള് സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായെങ്കിലും അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്.ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.എതിരാളികള്‍ക്ക് ആയുധം നല്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
മറ്റന്നാള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഹര്ജിക്കാരന് ഹര്‍ജിയില്‍ ആരോപിക്കുന്നു.