തുടര്‍ച്ചയായ ചികിത്സാ പിഴവിനെക്കുറിച്ചുള്ള പരാതികള്‍ക്ക് പിന്നാലെ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കളക്ടര്‍ ചെയര്‍മാനും ഡി.എം.ഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മരിച്ച കാര്‍ത്തികയുടെ ചികില്‍സയിലും പിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.ചികിത്സാപ്പിഴവുമൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.
ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിൽ എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയാണ്‌ (25) പാലക്കാട് പടിഞ്ഞാറേ യാക്കരയിലുള്ള തങ്കം ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച മരിച്ചത്.ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പൊലീസ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തുടര്‍ നടപടി ഉണ്ടാകകയുള്ളു.ചികിത്സാപ്പിഴവുകൊണ്ടാണിതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ വെച്ച് ചികിത്സക്കിടെ മറ്റൊരു യുവതി കൂടി മരണപ്പെടുന്നത്. കാർത്തികയ്ക്ക് അനസ്തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കിടെ പാലക്കാട് തങ്കം ആശുപത്രിയിൽ കഴിഞ്ഞ ദിവസം ആണ് ഭിന്ന ശേഷിക്കാരിയായ കാർത്തിക മരിച്ചത്. അനസ്തേഷ്യ നൽകുന്നതിലെ പിഴവ് ആണ് മരണ കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.ഇന്നലെ രാത്രി 7 മണിക്ക് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി 9 മണിക്കാണ് മരിച്ചത്. കാര്‍ത്തികയെ ജനറല്‍ അനസ്തീഷ്യക്കാണ് സജ്ജമാക്കിയതെന്നും ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയ സ്തംഭംനം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി വിശദീകരിച്ചു. കാര്‍ത്തികയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *