ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് മുന്‍ മന്ത്രി സജി ചെറിയാനെതിരെ നടപടി വേണമെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. സജി ചെറിയാന്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്ന വാര്‍ത്താ ചിത്രം ”ഹെല്‍മറ്റ് എവിടെ സഖാവേ” എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

‘ഹെല്‍മെറ്റ് എവിടെ സഖാവേ …… മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194(d) …..500? പെറ്റി അടച്ചേ മതിയാവൂ ……അല്ലെങ്കില്‍ ……ശേഷം കോടതിയില്‍’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷോണ്‍ ജോര്‍ജ് ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഷോണിന് മറുപടിയുമായി ഇടത് അനുകൂലികള്‍ കമന്റ് ബോക്‌സിലെത്തി. ഹെല്‍മറ്റ് ഇല്ലാതെ ഷോണ്‍ ജോര്‍ജ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത്, ഇതിന് എന്ത് ചെയ്യുമെന്നാണ് ഇടത് അണികളുടെ മറു ചോദ്യം. കേസെടുക്കുന്നെങ്കില്‍ സജി ചെറിയാനെതിരെ മാത്രം പോരാ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ച ഷോണിനെതിരെയും കേസെടുക്കണമെന്നാണ് സൈബര്‍ സഖാക്കള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് ഒന്നിലേറെ തവണ പെറ്റി അടച്ച ആളാണ് താന്‍ എന്ന് ഷോണ്‍ പ്രതികരിച്ചു. സൈബര്‍ സഖാക്കള്‍ പങ്കുവച്ച എല്ലാ ചിത്രങ്ങള്‍ക്കും മുമ്പ് താന്‍ പിഴയൊടുക്കിയിട്ടുണ്ടെന്നും ഷോണ്‍ പറഞ്ഞു.

അതേസമയം, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ സജി ചെറിയാനെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി. ഒരു അഭിഭാഷകനാണ് തപാല്‍ മാര്‍ഗം പരാതി നല്‍കിയത്. ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ പോയത്.

Leave a Reply

Your email address will not be published. Required fields are marked *