കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടികൂടി.യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്നലെ രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു.റിമാൻഡ് പ്രതിയായ ഇയാൾ ജില്ലാ ജയിലിന്റെ മുന്നിലെ 10 അടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് പോയത്.
ജയിൽഭിത്തിയോടു ചേർന്നു ചാരിവച്ച പലകയിലൂടെ വയറിങ് പൈപ്പിൽ പിടിച്ചുകയറി മതിലിനു മുകളിലെത്തി പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.നാട്ടുകാരും പൊലീസും ചേർന്ന് ബിനുവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.വീടിനോടു ചേർന്ന പാടത്തു രാത്രി എത്തിയ ഇയാൾ അടുക്കള വഴി അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ ജയിൽ വാർഡർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.
ജയിലിൽ റിമാൻഡ് പ്രതികൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണു ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണം തയാറാക്കുന്നതിനു വേണ്ടി ബിനുമോൻ ഉൾപ്പെടെയുള്ളവരെ ഇന്നലെ പുലർച്ചെ അഞ്ചിനു സെല്ലിൽ നിന്നു പുറത്തിറക്കിയിരുന്നു. ജയിൽ വളപ്പിലെ പൈപ്പിന്റെ ചുവട്ടിൽ പ്രതി പല്ലു തേച്ചുകൊണ്ടു നിൽക്കുന്നതു കണ്ടവരുണ്ട്. . സെല്ലിൽ നിന്നു പുറത്തിറക്കി 20 മിനിറ്റിനുള്ളിൽ ഇയാളെ കാണാനില്ലെന്ന വിവരം അറിഞ്ഞുവെന്നാണ് വാര്ഡന്മാരുടെ മൊഴി.
