
ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ എം ആഗസ്തി തെരഞ്ഞെടുപ്പ് ചാലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്തു. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിനിടെ ചാനൽ സർവേയുമായി ബന്ധപ്പെട്ടാണ് ഇ എം ആഗസ്തി എതിർ സ്ഥാനാർത്ഥിയായ എം എം മണി ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് ജയിച്ചാൽ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ചത്. എം എം മണി മുപ്പത്തിയെണ്ണായിരത്തിൽ പരം വോട്ടുകൾക്ക് വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം മൊട്ടയടിച്ചത്.
ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.ഉടുമ്പഞ്ചോലയിൽ എൽഡിഎഫ് – എന്‍ഡിഎ വോട്ട് കച്ചവടം ഉണ്ടായിയെന്നും ഇ എം ആഗസ്തി ആരോപിച്ചു. എന്‍ഡിഎയുടെ സാന്നിധ്യം വോട്ടിങ്ങിൽ ഉണ്ടായില്ല. ഇരട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചു. വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം എം മണിയുടെ നല്ല മനസിന് നന്ദി. പക്ഷേ താൻ വാക്ക് പാലിക്കുമെന്നും ആഗസ്തി പറഞ്ഞിരുന്നു.
