പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ സംഭവത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്‍പന നടത്തിയ സംഭവത്തിലാണ് നടപടി.

സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയ ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലെ ആശുപത്രികളാണ് അടച്ചുപൂട്ടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം. ഇവിടങ്ങളില്‍ രോഗികള്‍ ചികിത്സയിലുള്ളത് പരിഗണിച്ചാണ് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്.

‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്‍പന നടത്തി’, തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

അനധികൃതമായി ആധാര്‍ നിര്‍മിച്ചതിനെതിരേയും പോക്സോ വകുപ്പുകളും ചേര്‍ത്താണ് അധികൃതര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താനൊരുങ്ങുന്നത്. ആശുപത്രികള്‍ക്ക് 50 ലക്ഷംവരെ പിഴയും, ഇതിലുള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി പറഞ്ഞു.

സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ കേരളത്തിലെ ഒരു ആശുപത്രിക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യാനും തമിഴ്‌നാട് ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്ധ്രയിലെ ഒരു ആശുപത്രിക്കെതിരെയും നടപടിക്കു ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പെരുന്തുറെയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇരു ആശുപത്രികള്‍ക്കും തമിഴ്‌നാട് ആരോഗ്യവകുപ്പും പൊലീസും നോട്ടിസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *