മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് എംഎം മണി പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു.

വൈധവ്യം വിധിയാണ് എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇത്തരം പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സി.പി.എം. നേതാക്കളെന്ന് വ്യക്തമാക്കണം. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പെയിനില്‍ ജീവിക്കുന്നവരാണോ സി.പി.എം. നേതാക്കളെന്ന് പറയണം. ഇത്തരം ആശയങ്ങളുമായാണ് നടക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു പുരോഗമന പാര്‍ട്ടിയാണെന്ന് പറയാനുള്ള യാതൊരു അവകാശവുമില്ല.

51 വെട്ട് വെട്ടിക്കൊന്നിട്ടും തീരാത്ത പകയാണ് പിണറായിയും കൂട്ടരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയോട് കാണിക്കുന്നത്. നാല് ചുറ്റും കാവല്‍നിന്ന് കോണ്‍ഗ്രസ് അവരെ സംരക്ഷിക്കും. ചന്ദ്രശേഖറിന്റെ പ്രിയപത്‌നിയും കേരളത്തിന്റെ പ്രിയപുത്രിയുമാണ് കെ.കെ. രമ എന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ എകെജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെകെ രമ ഇരിക്കുമ്പോള്‍ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലെ തര്‍ക്കം നാഷണല്‍ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോയെന്നും സതീശന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *