സ്വര്‍ണ്ണക്കടത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ നേതാവും ഇഡിക്കെതിരെ രംഗത്തെത്തി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചാണ് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നും പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായെന്നുമായിരുന്നു പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞിട്ടില്ല. സിബിഐക്കും കേന്ദ്ര ഏജന്‍സികളുടേതായ പരിമിതികളുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായിയുടെ മറുപടിക്ക് പിന്നാലെ, മുഖ്യമന്ത്രിക്ക് സിബിഐയെ ഭയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *