വാഹനാപകടത്തില്‍ പെട്ട് മരിച്ച ഗര്‍ഭിണിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് ജീവനോടെ പുറത്തുവന്നു. എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞാണ് അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ബര്‍ത്താര ഗ്രാമത്തിലാണ് സംഭവം.

26കാരിയായ കാമിനിയും ഭര്‍ത്താവ് രാമുവും ബൈക്കില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. ഇരുവരും മാതാപിതാക്കളെ കണ്ട് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ രാമു ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ കാമിനിയുടെ ശരീരത്തിലൂടെ അമിതവേഗത്തില്‍ വന്ന ട്രക്ക് കയറിയിറങ്ങി. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.

എന്നാല്‍ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിലവില്‍ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ഫിറോസാബാദ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ അച്ഛനും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രക്ക് ഡ്രൈവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *