നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറി. രാഷ്ട്രീയപ്രേരിതമാണ് സോണിയക്കും രാഹുലിനും നേരെയുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം, സോണിയാ ഗാന്ധി ആഗസ്റ്റ് മൂന്നിന് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, ഡി സി സി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും കോടതിയില്‍ ഹാജരാകണമെന്ന് കൊല്ലം മുന്‍സിഫിന്റെ ചുമതലയുള്ള പരവൂര്‍ മുന്‍സിഫ് രാധിക എസ് നായര്‍ ഉത്തരവിട്ടു.
കോണ്‍ഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
