മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മണ്ണാര്‍ക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച ഇരിക്കുന്നത് നേരത്തെയും നാട്ടുകാര്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യത്തിന് നാട്ടുകാര്‍ പല വട്ടം ഉപദ്രവിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരം അധിക്ഷേപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്നതില്‍ അരിശം പൂണ്ട നാട്ടുകാര്‍ എന്ന് സംശയിക്കുന്ന ചിലരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആണ്‍കുട്ടികള്‍ക്ക് ക്രൂരമായി മര്‍ദ്ദിച്ച അക്രമിസംഘം പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
