സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം മാത്രമാണ്, നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ എന്ന് കാനം ചോദിച്ചു.സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്നലെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ഇത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്‍റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം. ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതു ചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.

യുഡിഎഫ് മുന്നണി വിപുലീകരണത്തിലും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. യുഡിഎഫിന്റെ ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു വിഷയത്തില്‍ കാനത്തിന്റെ പരിഹാസം. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫിലില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *