കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇന്നലെ അര്‍ധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരില്‍ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചിരുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഫിലോമിനയുടെ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ഇരിങ്ങാലക്കുട ആര്‍.ഡി.ഒ-യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *