സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലര്‍ട്ട് പത്ത് ജില്ലകളില്‍ നിന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുക്കി. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാര്‍ ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് കുറച്ചു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 134.85 അടിയിലെത്തി നില്‍ക്കുകയാണ്. 137 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും.

അതേസമയം, മൂന്നാറില്‍ കനത്ത മഴ തുടരുകയാണ്. വട്ടവടയില്‍ 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കര്‍ഷകന്‍ അയ്യപ്പന്റെ കൃഷി ഭൂമിയില്‍ 10 അടിയോളം ഭൂമി വിണ്ടു താണു. ജില്ലയുടെ മറ്റ് മേഖലകളില്‍ മഴയില്ല. ഇവിടങ്ങളില്‍ ആശങ്കയകലുന്നുണ്ട്. 7 സ്ഥലങ്ങളിലായി 128 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു.

കാസര്‍കോട് ജില്ലയിലെ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന. വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ചുള്ളി മേഖലയില്‍ വനത്തിലാണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയില്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 19 കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *