ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഇന്നു തുറന്നേക്കും. നിലവില്‍ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.
ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ വെള്ളം തുറന്നുവിട്ടാല്‍ ആലുവയില്‍ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും.
അതേസമയം 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
മഴ കുറഞ്ഞതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടുണ്ട്.