മൂന്നാറില്‍ ഉരുള്‍ പൊട്ടല്‍. കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിലാണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് എസ്റ്റേറ്റ് ലയങ്ങളിലെ 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പെട്ടിമുടി ദുരന്തത്തിന് രണ്ടുവര്‍ഷം തികയുന്ന സമയത്താണ് മൂന്നാറില്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ അതിശക്തമായ മഴയാണ് ലഭിച്ചിരുന്നത്. ഇതാണ് ഉരുള്‍ പൊട്ടാന്‍ കാരണം എന്നാണ് കരുതുന്നത്. ഉരുള്‍പൊട്ടലില്‍ രണ്ട് കടമുറികളും, ക്ഷേത്രവും, ഓട്ടോയും മണ്ണിനടിയിലായി.

115 കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുതുക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
മൂന്നാര്‍ വട്ടവട ദേശീയ പാതയിലെ പുതുക്കുടിയിലെ റോഡ് തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

വട്ടവടയിലേക്ക് പോകുന്നവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സും പോലീസും റവന്യൂ അധികൃതരും ചേര്‍ന്നാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. നിലവില്‍ ലയങ്ങള്‍ക്ക് കേടുപാടുകളില്ല.

പുതുക്കുടി ഉരുള്‍പൊട്ടല്‍ മേഖലയല്ലെന്നാണ് അധികൃതര്‍ പറയുന്നത്. പെട്ടിമുടിയ്ക്ക് സമാനമായ സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് ദേവികുളം എംഎല്‍എ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *