കോവിഡ് വ്യാപനം സംബന്ധിച്ച് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
കോവിഡിന്റെ രണ്ടാം ഘട്ടം ഒന്നാം ഘട്ടത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് രണ്ടാം ഘട്ടത്തില്‍ വ്യാപിക്കുന്നത്. സംസ്ഥാനത്തെ ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവ്, പ്രായമായരുടെ എണ്ണം എന്നിവ കണക്കിലെടുത്ത് കോവിഡ് രണ്ടാം തരംഗത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ഡുതല സമിതികള്‍ രൂപീകരിക്കുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ട്. ഇത് അടിയന്തരമായി തിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വാക്സിനേഷനില്‍ വാര്‍ഡുതല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കയ്യെടുക്കണം. ആംബുലന്‍സിന് പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
