തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപന പ്രതിനിധികളുമായുള്ള യോഗത്തിൽആണ് ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച സംഭവം മുഖ്യമന്ത്രി പരാമർശിച്ചത് .
പുന്നപ്രയിലെ യുവാക്കൾ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിവയ്‌ക്കണം. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലെങ്കിൽ വാഹനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിനു പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളിൽ ആരോഗ്യപ്രവർത്തകർ വേണമെന്നും അദ്ദേഹം നിർദേശിച്ചു.പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ ഡൊമിസിലറി കെയർ സെന്ററിൽ കഴിഞ്ഞ കരൂർ സ്വദേശിയായ യുവാവിനെയാണ് വെള്ളിയാഴ്ച ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്. യുവാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു അവിടെ പ്രഭാത ഭക്ഷണവുമായി എത്തിയ വൊളന്റിയർമാരും ഡിവൈഎഫ്ഐ പ്രവർത്തകരുമായ അശ്വിൻ, രേഖ എന്നിവർ ചേർന്നാണ് ബൈക്കിൽ സമീപത്തെ സാഗര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *