വ്യവസായ മന്ത്രി പി.രാജീവിന്റെ പരാതിയില്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്. സാബുരാജനാണ് മെഡല്‍. ഇടറോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ മന്ത്രി പി.രാജീവിന്റെ പതിവ് റൂട്ട് മാറ്റിയ സംഭവത്തിലാണ് പൈലറ്റ് പോയ സാബുരാജനെയും സി.പി.ഒ സുനിലിനെയും സസ്‌പെന്‍ഡ് ചെയ്തത്.

പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാന്‍ പള്ളിച്ചല്‍ഭാഗത്ത് നിന്നാണ് കണ്‍ട്രോള്‍ റൂമിലെ വെഹിക്കിള്‍ നമ്പര്‍ 11ലെ പോലീസുകാരെ നിയോഗിച്ചത്. കരമന – കിള്ളിപ്പാലം -അട്ടക്കുളങ്ങര- ഈഞ്ചയ്ക്കല്‍ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കുംകാരണം കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കല്‍പ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി -സാനഡു വഴി അണ്ടര്‍പാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് മന്ത്രിക്ക് പ്രശ്‌നമായത്.

അതേസമയം, പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ്. പി രാജീവിന്റെ ഗണ്‍മാന്‍ സാബുവാണ് പരാതി അറിയിച്ചത്. കണ്‍ട്രോള്‍ റൂമിലും ഒരു എഡിജിപിയെയും വിളിച്ചത് സാബുവാണ്. കമ്മീഷണറുടെ നടപടിയുണ്ടായത് ഗണ്‍മാന്റെ പരാതിയിലാണെന്നും പി രാജീവിന്റെ ഓഫീസ് വിശദീകരിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ആണ് പ്രഖ്യാപിച്ചത്. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്.

Leave a Reply

Your email address will not be published. Required fields are marked *