അവിവാഹിതരായ സ്ത്രീ-പുരുഷന്മാരുടെ വിവാഹത്തിന് അവസരമൊരുക്കി കണ്ണൂര്‍ പട്ടുവം പഞ്ചായത്ത്.കെട്ടുപ്രായം കടന്നുപോയ അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പിന് സമീപത്തെ പട്ടുവം പഞ്ചായത്ത്. വിവാഹത്തിനായി സാഹചര്യങ്ങള്‍ അനുകൂലമാകാതെ അവിവാഹിതരായി തുടരുന്നവരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് വിവാഹത്തിനായി ഒരു പദ്ധതി ഏറ്റെടുക്കുന്നത്.
ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ സ്ത്രീ പുരുഷൻമാർ കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്നതായാണ് കണക്ക്. ഗ്രാമസഭകളിലും വിഷയം ചർച്ചയായി. ഇതോടെയാണ് ഇക്കാര്യം ഗൗരവമായി എടുത്തുകൂടേയെന്ന് പഞ്ചായത്തിന് തോന്നിയതെന്ന് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി പറഞ്ഞു.എതിര്‍പ്പുകളില്ലാതെ അംഗീകരിക്കപ്പെട്ട പദ്ധതിക്ക് താല്‍ക്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു. വിവിധപ്രദേശങ്ങളിലെ അംഗങ്ങള്‍ക്കും വരനെയും വധുവിനെയും അന്വേഷിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചറിഞ്ഞ മറ്റ് പഞ്ചായത്തുകളും അന്വേഷണവുമായെത്തിയെന്ന് പ്രസിഡന്റ് പറയുന്നു.

‘നവമാംഗല്യം’ പദ്ധതിയുടെ ഒന്നാംഘട്ടമായി പഞ്ചായത്തില്‍ വിപുലമായ സര്‍വേ നടത്തും. 35 കഴിഞ്ഞ അവിവാഹിതരുടെ രജിസ്ട്രി തയ്യാറാക്കും. അതോടൊപ്പം താത്പര്യമുള്ളവര്‍ക്ക് പരിചയപ്പെടാന്‍ പഞ്ചായത്തുതന്നെ വേദിയൊരുക്കും. വിവാഹത്തിന് തയ്യാറായാല്‍ കല്യാണാവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഹാള്‍ വിട്ടു നല്‍കും. പാവപ്പെട്ടവരാണെങ്കില്‍ മറ്റു സാമ്പത്തികസൗകര്യങ്ങള്‍ നല്‍കാന്‍ പറ്റുമോയെന്നും പരിശോധിക്കും. സര്‍വേക്കും മറ്റുമായി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയില്‍ യുവജനക്ഷേമ ബോര്‍ഡ്, ഐ.സി.ഡി.എസ്. പ്രതിനിധികളും ഉണ്ടാകും. എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 13 വാര്‍ഡുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *